ഒഡീഷ: ബാലസോർ ട്രെയിൻ അപകടത്തിൽ അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിൽ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തും. അപകടത്തിൽ മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 280ലധികം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആയിരത്തിനടുത്ത് ആളുകൾ ഇപ്പോഴും പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കൂടുതൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ കോച്ചുകളിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. സൈന്യവും ദുരന്ത നിവാരണ സേനയുമെല്ലാം രക്ഷാപ്രവർത്തിനായി ബാലസോറിലെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനാണ് നിലവിൽ പ്രാധാന്യം കൊടുക്കുന്നതെന്നും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തെത്തുടർന്ന് 43 ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയിച്ചു. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തതായും ചില വണ്ടികൾ വഴിതിരിച്ച് വിട്ടതായും അധികൃതർ വ്യക്തമാക്കി. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ നിരവധി സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ചില ഇടങ്ങളിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താനും റെയിൽവേ ശ്രമിക്കുന്നുണ്ട്.
Discussion about this post