ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നുണ്ടെന്നും, അതിൽ അഭിമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ. അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അടുത്ത ദിവസം പോകാനിരിക്കെയാണ് സാം പിത്രോദയുടെ പ്രതികരണം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർപേഴ്സണായ പിട്രോദ നിലവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനത്തിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പമുണ്ട്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു സാം പിത്രോദയുടെ പ്രതികരണം. ” ഇന്ത്യ എവിടയൊക്കെയാണ് ശരി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധിക്ക് നന്നായിട്ടറിയാം. കഴിഞ്ഞ ദിവസം ആരോ എന്നോട് പറഞ്ഞു, ഇന്ത്യൻ പ്രധാനമന്ത്രിക്ക് എല്ലായിടത്തും വലിയ സ്വീകരണമാണ് ലഭിക്കുന്നത് എന്ന്. എനിക്ക് അതിൽ വലിയ സന്തോഷമുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. കാരണം അദ്ദേഹം എന്റെ പ്രധാനമന്ത്രി കൂടിയാണ്. പക്ഷേ ഒരിടത്തും നമുക്ക് തെറ്റ് പറ്റരുത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായത് കൊണ്ടാണ് അദ്ദേഹത്തിന് സ്വീകരണം ലഭിക്കുന്നത്. അല്ലാതെ അദ്ദേഹം ബിജെപിയുടെ പ്രധാനമന്ത്രിയായത് കൊണ്ടല്ല. ഈ രണ്ട് കാര്യങ്ങളിലും വ്യത്യാസമുണ്ട്.
” 1.5 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനം അർഹിക്കുന്നുണ്ട്. ഞാൻ അതിൽ വളരെയധികം അഭിമാനിക്കുന്നു. അക്കാര്യം ഞാൻ ഒരിക്കലും നിഷേധിക്കില്ല. രാഹുൽ ഗാന്ധിക്കും മികച്ച സ്വീകരണവും പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്. ആളുകളെല്ലാം വലിയ ആവേശത്തിലാണ്. അവർ ഞങ്ങൾക്ക് പ്രത്യാശ തരികയാണ്. നമ്മുടെ ജനാധിപത്യം ശരിയാക്കാൻ ഒപ്പം നിൽക്കണമെന്നാണ് ഞങ്ങൾ ജനങ്ങളോട് പറയുന്നത്. ഞങ്ങൾ അത് പരിഹരിക്കുകയും ചെയ്യുമെന്നും” സാം പിത്രോദ പറഞ്ഞു.
Discussion about this post