കൊല്ലം: മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ കവച് ഫലത്തിൽ ഇല്ലെന്ന് എംഎ ബേബി. ഒഡീഷ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് എംഎ ബേബിയുടെ പ്രതികരണം. തീവണ്ടിയാത്ര സംബന്ധിച്ച സാങ്കേതികവിദ്യ ഇത്രയും വികസിച്ച ഇന്നും ഇത്ര വലിയ ഒരു അപകടം ഒഴിവാക്കാനാവേണ്ടതാണെന്ന് ഫേസ്ബുക്ക് പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു.
നമ്മുടെ റെയിൽവേ സുരക്ഷയ്ക്ക് സർക്കാർ എന്ത് ചെയ്യുന്നു എന്നത് വിശദമായി വിലയിരുത്തപ്പെടണം. തീവണ്ടി അപകടം തടയാൻ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ ഫലത്തിൽ ഇല്ല എന്നതാണ് അവസ്ഥ.
2014 ൽ നരേന്ദ്ര മോദി വന്നത് മുതൽ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിൻറെയും വളർച്ച തടയപ്പെടുകയും മനഃപൂർവം തകർക്കുകയും ചെയ്യുകയാണ്. തപാൽ, ടെലിഫോൺ, പൊതുമേഖലാ വ്യവസായങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, കൃഷി, ശാസ്ത്രം, സാംസ്്കാരിക രംഗം എന്നിങ്ങനെ എല്ലാ രംഗത്തും വലിയ തകർച്ച ഉണ്ടായി. ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകർക്കുന്ന പോലെയാണ് മോദി സർക്കാർ ഈ ദേശദ്രോഹം കാണിക്കുന്നതെന്നും എം.എ ബേബി പറയുന്നു.
അതിദാരുണമായ ദുരന്തമാണ് ബാലസോറിലുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾ ഇതോടെ അനാഥമാവുകയാണ്. പ്രത്യേകിച്ചും അന്നം നേടുന്ന തൊഴിലാളികളാണ് മരിച്ചത് എന്നതിനാൽ. പരുക്കേറ്റവർക്കും ജീവിതം ഇനി ഒരു ചോദ്യചിഹ്നമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാധ്യസ്ഥമാണെന്ന് എംഎ ബേബി പറയുന്നു. തീവണ്ടിയിൽ യാത്ര ചെയ്ത ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പൂർണമായും റെയിൽവേയുടേതായിരുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post