ഭുവനേശ്വർ/വിൻഡ്‌ഹോക്ക്: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ ലോകരാജ്യങ്ങളും വിതുമ്പിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. അപകടത്തിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ദു:ഖം രേഖപ്പെടുത്തിയത്. ഇതിൽ നിന്നും ലോക രാജ്യങ്ങൾക്ക് ഇന്ത്യ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. നമീബയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വൻ ആൾ നാശത്തിന് കാരണമായ ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയത്. നമീബിയയിലേത് ഉൾപ്പെടെ വിദേശകാര്യമന്ത്രിമാർ ദു:ഖം രേഖപ്പെടുത്തി. പിന്തുണയും സഹാനുഭൂതിയും അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ തനിക്കും ലഭിച്ചു. ലോകരാജ്യങ്ങൾക്ക് ഇന്ത്യ ഇത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യയെ ലോകരാജ്യങ്ങൾ അകമഴിഞ്ഞ് സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ഒരു ദുരന്തം ഉണ്ടായി. അപ്പോൾ രാജ്യത്തിനൊപ്പം നിൽക്കാൻ ലോകം തീരുമാനിച്ചു. ശരീരം കൊണ്ട് താനുള്ളത് നമീബിയയിലാണ്. എന്നാൽ തന്റെ മനസ്സ് ഇന്ത്യയിലാണെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ജയ്ശങ്കർ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നമീബിയയിൽ എത്തിയത്. തന്ത്രപ്രധാന വിഷയങ്ങളിൽ നമീബിയൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ സന്ദർശനം.
Discussion about this post