പുനലൂർ; സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുളള ഗുണ്ടാസംഘം വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ കമ്മറ്റി അംഗമായിരുന്ന സുമേഷിന് അന്ത്യാഞ്ജലി. പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എട്ടരയോടെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വിലാപയാത്രയായി വീട്ടിൽ എത്തിച്ചു. തുടർന്ന് പൊതുദർശനത്തിന് വെച്ചു.
നാട്ടുകാരും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സുമേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി ശിവൻകുട്ടി, വി.ടി രമ ടീച്ചർ, ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമൻ ദക്ഷിണ മേഖല സെക്രട്ടറി ജിതിൻദേവ്, സംസ്ഥാന സമിതി അംഗം ബി രാധാമണി, ജില്ലാ ജനറൽ സെക്രട്ടറി വയ്യക്കൽ സോമൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി ശ്രീകുമാർ, ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ, അഡ്വ മന്ദിരം ശ്രീനാഥ്, ജില്ലാ ട്രഷറർ അനിൽകുമാർ, ജില്ലാ സെൽ കോർഡിനേറ്റർ ബിജു പുത്തേയം തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. 12 മണിയോടെ ആയിരുന്നു സംസ്‌കാരം.
കഴിഞ്ഞ പുനലൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുമേഷിനെ സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ബിജു എന്നയാളും അരവിന്ദാക്ഷനും തമ്മിലുളള തർക്കത്തിന്റെയും സംഘർഷത്തിന്റെയും പേരിലാണ് സുമേഷിനെ കൊലപ്പെടുത്തിയത്. അരവിന്ദാക്ഷനുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കിയ ശേഷം ബിജു സുമേഷിന്റെ വീട്ടിലെത്തുകയും അക്രമത്തെക്കുറിച്ച് ഒന്നും പറയാതെ സുമേഷുമായി സംസാരിച്ചിരിക്കുകയുമായിരുന്നു. ഇതിനിടയിൽ അവിടെയെത്തിയ അരവിന്ദാക്ഷനും സംഘവും ബിജുവുമായി വീണ്ടും വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ആയുധങ്ങൾ കൊണ്ട് സുമേഷിനെയും ആക്രമിച്ചത്.
ശ്വാസകോശത്തിൽ കുത്തേറ്റ സുമേഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അരവിന്ദാക്ഷനാണ് തന്നെ കൊലപ്പെടുത്തിയതെന്ന് സുമേഷ് മരണമൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post