ആലപ്പുഴ: അരൂരിൽ സൗന്ദര്യമില്ലെന്ന പേരിലുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. കടക്കരപ്പള്ളി സ്വദേശിനി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.
കിടപ്പുമുറിയിലാണ് നീതുമോളെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവിൽ നിന്നും ക്രൂര പീഡനങ്ങളാണ് യുവതിയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നതെന്നാണ് മാതാവിന്റെ പരാതിയിൽ പറയുന്നത്. ഈ പരാതിയിലാണ് പോലീസ് ഉണ്ണിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
2011 ൽ ആയിരുന്നു ഉണ്ണിയുമായുള്ള നീതുമോളുടെ വിവാഹം. അന്ന് മുതൽ സൗന്ദര്യമില്ലെന്ന പേരിൽ ഉണ്ണി ഉപദ്രവിച്ചിരുന്നതായാണ് വിവരം. ഇക്കാര്യം പറഞ്ഞ് മാനസികമായും ശാരീരികമായും ഉണ്ണി യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം കഠിനമാകുമ്പോൾ യുവതി സ്വന്തം വീട്ടിലേക്ക് പോകും. എന്നാൽ ഇതിന് പിന്നാലെ വീട്ടിലെത്തി തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞ് യുവതിയെ തിരികെ കൊണ്ടുവരാറാണ് പതിവ്. വീട്ടിലെത്തിയാൽ യുവതിയെ വീണ്ടും പീഡിപ്പിക്കും.
രണ്ട് ആൺ മക്കളും ഒരു പെൺകുട്ടിയുമാണ് യുവതിയ്ക്കുള്ളത്. കഴിഞ്ഞ ദിവസവും സൗന്ദര്യം കുറഞ്ഞുപോയെന്ന് ഉണ്ണി നീതുമോളെ ഉപദ്രവിച്ചിരുന്നു. കുട്ടികൾക്ക് സ്‌കൂളിലേക്കുള്ള സാമഗ്രികൾ വാങ്ങി നൽകാതെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ഭക്ഷണം നൽകാതിരിക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.











