ഇടുക്കി: പാർട്ടി പരിപാടിയ്ക്കായി പഞ്ചായത്തിന്റെ വാഹനത്തിൽ സിപിഎം പ്രവർത്തകരെ കയറ്റിയത് ചോദ്യം ചെയ്ത ഡ്രൈവർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികാര നടപടി. ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കൊന്നത്തടി പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ ആയിരുന്ന എൻ.സി ബേബിയെയാണ് പഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം 20 നായിരുന്നു സംഭവം. രാജക്കാട് നടക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു പഞ്ചായത്തിന്റെ വാഹനം സിപിഎം ദുരുപയോഗം ചെയ്തത്. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റിനും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനായി പോകും വഴി പഞ്ചായത്തിന്റെ വാഹനത്തിൽ സിപിഎം പ്രവർത്തകരെയും കയറ്റുകയായിരുന്നു. അനുവദനീയമായ എണ്ണത്തിലും കൂടുതൽ പ്രവർത്തകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത് കണ്ട ബേബി ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു.
ഇത്രയും ആളുകൾ ഉണ്ടായാൽ യാത്രാമദ്ധ്യേ അപകടം ഉണ്ടാകുമെന്നും, അതിന് താൻ മറുപടി പറയേണ്ടിവരുമെന്നുമായിരുന്നു ബേബി പ്രസിഡന്റിനോട് പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ബേബിയുമായി വാക്കുതർക്കം ആരംഭിക്കുകയായിരുന്നു. സമ്മർദ്ദം സഹിക്കവയ്യാതെ ആയപ്പോൾ ബേബി അദ്ദേഹത്തെയും പ്രവർത്തകരെയും പരിപാടിയ്ക്ക് കൊണ്ടുപോയി. ഇതിന് പിറ്റേ ദിവസം സസ്പെൻഡ് ചെയ്തതായുള്ള ഉത്തരവ് ബേബിയ്ക്ക് ലഭിക്കുകയായിരുന്നു.
കഴിഞ്ഞ 20 വർഷമായി ഇവിടുത്തെ ഡ്രൈവർ ആണ് ബേബി. ഇത് വിസ്മരിച്ചുകൊണ്ടാണ് പഞ്ചായത്തിന്റെ പ്രതികാര നടപടി. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post