ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന താരങ്ങളെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. താരങ്ങളുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഒരിക്കൽ കൂടി അവരെ ചർച്ചയ്ക്ക് ക്ഷണിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിന്റെ തുടക്കത്തിൽ താരങ്ങളുമായി മണിക്കൂറുകളോളം അനുരാഗ് ഠാക്കൂർ ചർച്ച നടത്തിയിരുന്നു. എന്നാൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കണമെന്ന ഒറ്റ നിലപാടിലായിരുന്നു താരങ്ങൾ. തുടർന്നും സർക്കാർ പല തലത്തിൽ ചർച്ച നടത്തിയെങ്കിലും താരങ്ങൾ വഴങ്ങിയില്ല.
ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി താരങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സമരം നടത്തുന്ന താരങ്ങൾ റെയിൽവേ ജോലിയിലേക്കും തിരികെ പ്രവേശിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് അനുരാഗ് ഠാക്കൂർ ഗുസ്തി താരങ്ങളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്.
ബ്രിജ് ഭൂഷണെതിരെ ലൈംഗിക ചൂഷണം ഉൾപ്പെടെയുളള പരാതികളാണ് താരങ്ങൾ ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യാജമാണെന്നുമുളള നിലപാടിലാണ് ബ്രിജ് ഭൂഷൺ. താരങ്ങളുടെ പിടിവാശി അംഗീകരിക്കാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബ്രിജ് ഭൂഷൺ പറയുന്നു. ഏതാനും താരങ്ങൾ മാത്രമാണ് ബ്രിജ് ഭൂഷണെതിരെ സമരം നടത്തുന്നത് എന്നതും ആരോപണത്തിന്റെ മുനയൊടിക്കുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം കേന്ദ്രസർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷവും കർഷക സംഘടനകളും ഉൾപ്പെടെ ശ്രമിച്ചിരുന്നു.
Discussion about this post