ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തി. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ഇന്നലെ റഷ്യയിലെ മഗദാനിൽ അടിയന്തരമായി ഇറക്കിയത്.
216 യാത്രക്കാരും 16 ജീവനക്കാരുമാണ് സംഭവസമയത്ത് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. വിമാനത്തിൽ എത്ര യുഎസ് പൗരന്മാർ ഉണ്ടായിരുന്നുവെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
അമേരിക്കയിലേക്ക് യാത്ര തിരിച്ച വിമാനമാണിത്. അതുകൊണ്ട് തന്നെ വിമാനത്തിൽ യുഎസ് പൗരന്മാർ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. യാത്രക്കാരെ ഇവിടേക്ക് എത്തിക്കാനായി എയർഇന്ത്യ പകരം വിമാനം അയക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.










