ബംഗളൂരു: കർണാടകയിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ച നാലംഗ സംഘം അറസ്റ്റിൽ. ദക്ഷിണ കന്നഡയിൽ ആയിരുന്നു സംഭവം. കർണാടക സ്വദേശികളായ മൂന്ന് പേരും, കാസർകോട് സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.
അമ്പലമൊഗാരു ഗ്രാമത്തിലെ ക്ഷീര കർഷകയിൽ നിന്നും വളർത്താനെന്ന പേരിലാണ് നാലംഗ സംഘം പശുവിനെ വാങ്ങിയത്. തുടർന്ന് വാഹനത്തിൽ കയറ്റി അലെങ്കാലയിലെ കശാപ്പ് ശാലയിലേക്ക് കൊണ്ടുവരികയായിരുന്നു. വാഹനത്തിൽ ടാർപോളിൻ കൊണ്ട് മറച്ചായിരുന്നു ഇവർ പശുവിനെ കൊണ്ടുപോയിരുന്നത്. എന്നാൽ വഴിമദ്ധ്യേ ഇവരുടെ വാഹനം കേടുവരികയായിരുന്നു. ഇതോടെ സംഭവം എന്ന് അന്വേഷിക്കാൻ പ്രദേശവാസികൾ തടിച്ചുകൂടി. അപ്പോഴാണ് വാഹനത്തിൽ പശുക്കളാണെന്ന് വ്യക്തമായത്. ഇതോടെ പശുക്കൾ എവിടെ നിന്നാണെന്നും എന്തിനാണ് കൊണ്ടുപോകുന്നത് എന്നുമെല്ലാം നാട്ടുകാർ അന്വേഷിക്കുകയായിരുന്നു.
പരിഭ്രാന്തിയിലായ നാലംഗ സംഘം അവിടെ നിന്നും കടന്നു കളഞ്ഞു. ഇതോടെ സംഭവം കള്ളക്കടത്ത് ആണെന്ന് നാട്ടുകാർക്ക് വ്യക്തമാകുകയായിരുന്നു. തുർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കർണാടക സ്വദേശികളായ അഹമ്മദ് ഇർഷാദ്, ജാഫർ സാദിക്, ഫയാസ്, കാസർകോട് സ്വദേശി ഖാലിദ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
Discussion about this post