എറണാകുളം: കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് വീഴ്ത്തിയ സംഭവത്തിലെ പ്രതി പിടിയിലായി. ബൈക്ക് ഓടിച്ച ഹരികുമാറാണ് പിടിയിലായത്.
ഹരി കുമാറിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥിനിയെ ബൈക്കിടിച്ചിത് മനഃപൂര്‍വമല്ലെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്കി. അപകടത്തിന്റെ രൂക്ഷത മനസിലാക്കിയപ്പോള്‍ ഭയം കൊണ്ടാണ് നാടുവിട്ടതെന്നും ഹരികുമാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
സംഭവം യാദൃശ്ചികമാണ്. സുഹൃത്തിനെ വിളിക്കാനാണ് കോളജിലെത്തിയത്. വിദ്യാര്‍ഥിനിയെ മുന്‍പരിചയമില്ലെന്നും ഹരികുമാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഡിബി കോളജ് ക്യാംപസില്‍ ബൈക്കിടിച്ചു വിദ്യാര്‍ഥിനി സയനയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. തലയടിച്ചു വീണ സയനയെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Discussion about this post