കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ശ്രദ്ധ സതീഷ് സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യാക്കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പോലീസ്. ‘നിന്നോട് വാങ്ങിയ ബ്ലാക് പാന്റ് ഞാൻ കട്ടിലിൽ വച്ചിട്ടുണ്ട്. ഞാൻ പോകുന്നു’ എന്നാണ് കത്തിൽ പറയുന്നത്. മറ്റ് കാരണങ്ങളോ വിവരങ്ങളോ ഒന്നും ഈ കുറിപ്പിൽ പറയുന്നില്ല. ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ആരോപണങ്ങൾ ഇതിൽ ഇല്ലെന്നും എസ്പി കെ.കാർത്തിക് പറഞ്ഞു. ക്രൈംബ്രാഞ്ച് നല്ല നിലയിൽ ഇത് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിൽ പിന്നീട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധ സമരങ്ങളാണ് നടന്നത്. തുടർന്ന് മന്ത്രിതല സമിതി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുന്നത്.
ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നായിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്. കോട്ടയം എസ്പിയുടെ മേൽനോട്ടത്തിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അതേസമയം വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായിരുന്നു.













Discussion about this post