ന്യൂഡൽഹി: പുതുതലമുറ ബാലിസ്റ്റിക് മിസൈലായ ‘അഗ്‌നി പ്രൈമിന്റെ’ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ ഇന്നലെയാണ് മിസൈൽ വിക്ഷേപണം നടത്തിയത്. ലക്ഷ്യത്തിലേക്ക് വിജയകരമായി എത്താൻ അഗ്നി പ്രൈമിന് ആയെന്ന് ഡിആർഡിഒ വ്യക്തമാക്കി.
നേരത്തെ മിസൈലിന്റെ മൂന്നോളം പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന് ശേഷമുളള പ്രീ-ഇൻഡക്ഷൻ നൈറ്റ് ലോഞ്ച് ആയിരുന്നു ഇന്നലെ നടന്നത്. മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഡിആർഡിഒയിലേയും സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിലേയും മുതിർന്ന ഉദ്യോഗസ്ഥർ മിസൈൽ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
വൈകാതെ തന്നെ അഗ്നി പ്രൈം സേനയുടെ ഭാഗമാകുമെന്നാണ് വിവരം. വിക്ഷേപണം വിജയമായതിന് പിന്നാലെ അഗ്നിപ്രൈമിന്റെ പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒയിലേയും സേനയിലേയും ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ സമീർ വി കാമത്തും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.











Discussion about this post