തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവ്വകലാശാലയിൽ മോണിറ്ററിംഗ് സമിതിയെ സമീപിക്കാൻ അവസരമുണ്ടാകും. ഇക്കാര്യം ഉടൻ സർവ്വകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. കോളേജുകളിൽ പ്രിൻസിപ്പളായിരിക്കും സെൽ മേധാവി. സർവ്വകലാശാലകളിൽ വകുപ്പ് മേധാവി അദ്ധ്യക്ഷനാകും. പരാതി പരിഹാര സെല്ലിൽ ഒരു വനിതയുണ്ടാകും. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും സെല്ലിൽ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലിൽ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
എഴുതാത്ത പരീക്ഷ എഴുതി വിജയിച്ചെന്ന വിജയിച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് ആർഷോ കുറ്റക്കാരനല്ലെന്നും ആർ.ബിന്ദു പറഞ്ഞു. ആർഷോയുടെ ജയം അന്വേഷിക്കേണ്ട വിഷയമാണ്. ആർഷോ ജയിച്ചെന്ന മാർക് ലിസ്റ്റ് എങ്ങനെ വന്നുവെന്ന് പരിശോധിക്കും. പക്ഷേ ആർഷോയ്ക്ക് ഇതിൽ പങ്കില്ല. മഹാരാജാസ് കോളേജിനെ താറടിച്ച് കാണിക്കേണ്ട ആവശ്യവുമില്ല.
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കോളേജിനോ മറ്റാർക്കെങ്കിലുമോ വിഷയത്തിൽ പങ്കില്ല. വ്യാജ സീൽ ഉണ്ടാക്കിയതും ഹാജരായതുമെല്ലാം വിദ്യയാണ്. ഇതിനെല്ലാം ഉത്തരവാദിയും വിദ്യ തന്നെ. അതിൽ മഹാരാജാസിന് പങ്കില്ല. മഹാരാജാസ് കോളേജ് പാരമ്പര്യമുള്ള കലാലയമാണ്. അതിനെ താറടിച്ച് കാണിക്കരുത്. പ്രിൻസിപ്പാളും കുറ്റക്കാരനല്ല. വ്യാജ ഒപ്പും സീലും ഉണ്ടാക്കുന്നത് തെറ്റാണെന്നും ആർ.ബിന്ദു പറഞ്ഞു.












