കേരളത്തിൽ ഏറെ ആരാധകരുള്ള നടനാണ് തെലുങ്ക് താരം പ്രഭാസ്. സിനിമയിൽ സജീവമായത് മുതൽ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്. ഇതിന് കൃത്യമായൊരു മറുപടി പ്രഭാസ് നൽകിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവെയ്ക്കുകയാണ് താരം.
ആദിപുരുഷ് സിനിമയുടെ പ്രീ റിലീസ് ലോഞ്ചിനായി സിനിമയിലെ അണിയറപ്രവർത്തകർ തിരുപ്പതിയിൽ എത്തിയിരുന്നു. ഇവിടെ വെച്ചാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായി തിരുപ്പതിയിൽ വെച്ചായിരിക്കും തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്. വലിയ ആർപ്പുവിളികളോടെയാണ് ആരാധകർ ഇത് സ്വീകരിച്ചത്.
ആരിപുരുഷിലെ നായിക കൃതി സനോനുമായി പ്രഭാസ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ തന്റെ വധു ആരാണെന്ന് പ്രഭാസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കൃതിയുടെ മുന്നിൽ വെച്ചാണ് പ്രഭാസ് വിവാഹവേദിയെക്കുറിച്ച് പറഞ്ഞത്.
ആരാധകരാണ് തന്റെ കരുത്ത് എന്നും അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടമാണെന്നും പ്രഭാസ് പറഞ്ഞു. നിലവിൽ കൂടുതൽ ചിത്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. സംസാരം കുറച്ച് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.








