ന്യൂഡൽഹി: ഡൽഹിയിലെ വൈശാലി കോളനിയിൽ നവജാത ശിശു ആശുപത്രിയിൽ തീപിടുത്തം. ഇരുപത് നവജാതശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷിച്ചതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. ആർക്കും പരിക്കുകകളില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെ 1.35ഓടെയാണ് സംഭവം. ഒൻപതോളം ഫയർ ഫോഴ്‌സ് യൂണിറ്റുകളാണ് അപകടമുണ്ടായതിന് പിന്നാലെ സ്ഥലത്തേക്ക് എത്തിയത്.
20 കുഞ്ഞുങ്ങളിൽ 13 പേരെ ജനക്പുരി ആര്യ ആശുപത്രിയിലേക്കും രണ്ട് പേരെ ദ്വാരക മോർ ആശുപത്രിയിലേക്കും രണ്ട് പേരെ ജനക്പുരി ജെകെ ആശുപത്രിയിലേക്കും മാറ്റി. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മൂന്ന് കുഞ്ഞുങ്ങളെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അതേസമയം തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ആശുപത്രി കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള കടയിൽ തീപിടുത്തമുണ്ടാവുകയും, പിന്നീട് ആശുപത്രിക്കുള്ളിലേക്ക് പുക നിറയുകയായിരുന്നുവെന്നുമാണ് വിവരം.
ആശുപത്രിക്കുള്ളിലെ ഫർണീച്ചറുകളും മരുന്നുകളും മറ്റ് ഉപകരണങ്ങളുമെല്ലാം തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post