ബംഗളൂരു : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകല വാഗ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരൻ. അടുത്ത സുഹൃത്തുക്കളും കുടുംബങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വീട്ടിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
അഡമറു മഠത്തിലെ സന്യാസിമാരാണ് വിവാഹ ചടങ്ങിന് നേതൃത്വം വഹിച്ചത്. മിന്റ് ലോഞ്ചിന്റെ ബുക്സ് ആൻഡ് കൾച്ചർ വിഭാഗത്തിലെ ഫീച്ചർ റൈറ്ററാണ് വാഗ്മയി. പ്രതീക് 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ റിസേർച്ച് ആന്റ് സ്ട്രാറ്റജി കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി(ഒഎസ്ഡി) ആണ് അദ്ദേഹം. പ്രധാനമന്ത്രിക്ക് സെക്രട്ടറിതല സഹായം നൽകുന്നതും പ്രതീകിന്റെ ജോലികളിൽ ഉൾപ്പെടുന്നു. 2019 ജൂലൈയിലാണ് അദ്ദേഹത്തെ പ്രധാന റോളിലേക്ക് നിയമിച്ചത്. ഗുജറാത്ത് സ്വദേശിയായ പ്രതീക് സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി ബിരുദധാരിയാണ്.
മാദ്ധ്യമപ്രവർത്തകയായ വാഗ്മയി, നേരത്തെ ദി ഹിന്ദുവിലാണ് പ്രവർത്തിച്ചിരുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം നോർത്ത് വേസ്‌റ്റേൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മെഡിൽ സ്‌കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
Discussion about this post