വയനാട് : വയനാട് പുൽപള്ളി സഹകരണ ബാങ്കിന്റെ വായ്പാതട്ടിപ്പിൽ കുരുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന കർഷകന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കടം കയറിയതോടെ കഴിഞ്ഞ മാസം 29 ന് ആത്മഹത്യ ചെയ്ത കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പാണ് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഈ കത്ത് പോലീസിന് കൈമാറി.
ബാങ്കിൽ നിന്ന് 70,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും തന്നെ ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. സജീവൻ കൊല്ലപ്പള്ളി, കെ.കെ.ഏബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിലുണ്ട്.
സംഭവത്തിൽ മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 പേരാണ് പ്രതികൾ. കൂട്ടുപ്രതിയും വായ്പാത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരനുമായ കൊല്ലപ്പള്ളി സജീവൻ പത്താം പ്രതിയാണ്.












