ന്യൂഡൽഹി : കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ കമ്പനിയായ ഷവോമിക്കും മറ്റ് മൂന്ന് ബാങ്കുകൾക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ച് 5551 കോടിയുടെ കളളപ്പണ ഇടപാടുകൾ നടത്തിയതിനാണ് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
മുൻ എംഡി മനു കുമാർ ജെയിൻ, ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ സമീർ ബി റാവു എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിറ്റി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഡച്ച് ബാങ്ക് എജി എന്നീ സ്ഥാപനങ്ങൾക്കും ഫെമയുടെ സെക്ഷൻ 10(4), 10(5) എന്നിവയുടെ ലംഘനത്തിന് നോട്ടീസ് അയച്ചു.
ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിൽ നിന്ന് 5,551.27 കോടി രൂപ കഴിഞ്ഞ വർഷം അന്വേഷണ ഏജൻസി പിടിച്ചെടുത്തിരുന്നു . ചൈനീസ് സ്മാർട്ട്ഫോൺ ഭീമന്റെ ബാങ്ക് അക്കൗണ്ടുകളിലായിരുന്നു പണമെന്നും അനധികൃതമായി വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തതാണെന്നും അന്വേഷണ ഏജൻസി അറിയിച്ചിരുന്നു.
ഇഡിയുടെ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ നോട്ടീസ് അയച്ചത്. കമ്പനിക്ക് വലിയ തുക പിഴയടയ്‌ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post