പാരിസ് : പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗത്തിൽ മലയാളിക്ക് ചരിത്ര നേട്ടം. ലോംഗ് ജംപിൽ മുരളി ശ്രീശങ്കർ മൂന്നാം സ്ഥാനം നേടിക്കൊണ്ട് രാജ്യത്തിന്റെ യശസ്സുയർത്തി. 8.09 മീറ്റർ ചാടിയാണ് മുരളി ശ്രീശങ്കർ മെഡൽ ഉറപ്പിച്ചത്. ലോകത്തിലെ മുൻനിര താരങ്ങൾക്കൊപ്പം മത്സരിച്ച് ഡയമണ്ട് പാരിസ് ലീഗിൽ മൂന്നാമത്തെ ശ്രമത്തിലാണ് മുരളി ശ്രീശങ്കർ 8.09 മീറ്റർ പിന്നിട്ടത്. ജംപ് ഇനങ്ങളിൽ ഇന്ത്യൻ താരം മെഡൽ നേടുന്നത് ആദ്യമായിട്ടാണ്.
ഗ്രീസ് താരം മിൽറ്റിയാഡിസ് ടെന്റഗ്ലൂ 8.13 മീറ്റർ ചാടി പാരീസ് ഡയമണ്ട് ലീഗ് ചാമ്പ്യനായി. സ്വിറ്റ്‌സർലൻഡ് താരം സൈമൺ എഹാമർ 8.11 മീറ്റർ ചാടി രണ്ടാം സ്ഥാനവും സ്വന്തമാക്കി.
പാരിസ് ഡയമണ്ട് ലീഗിൽ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ആദ്യ രണ്ട് ശ്രമങ്ങളിൽ 7.79 മീറ്റർ, 7.94 മീറ്റർ എന്നിങ്ങനെയാണ് ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമത്തിൽ 8.09 മീറ്റർ ചാടി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാൽ നാലാമത്തെയും ആറാമത്തെയും ചാട്ടങ്ങൾ ഫൗൾ ആയി. ഇതോടെ വീണ്ടും പിന്നിലേക്ക് പോയി. അഞ്ചാമത്തെ ശ്രമത്തിൽ 7.99 മീറ്റർ നേടി.
Discussion about this post