കൊച്ചി: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യ ഒളിവിൽ തുടരുന്നു. അഗളി പോലീസ് ഇന്ന് കാസർകോട് എത്തി വിദ്യ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്ത കരിന്തളം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെത്തി പ്രിൻസിപ്പൾ അടക്കമുള്ളവരുടെ മൊഴിയെടുക്കും. വ്യാജരേഖ നൽകിയാണ് വിദ്യ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഇതിന് പുറമെ വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലാകും പരിശോധന.
എന്നാൽ വിദ്യയ്ക്ക് വേണ്ടി പോലീസ് ഒത്തു കളിക്കുകയാണെന്ന് കെഎസ്‌യു ആരോപിച്ചു. പരാതി ലഭിച്ച് അഞ്ചുദിവസമായിട്ടും വിദ്യയെ ചോദ്യം ചെയ്തിട്ടില്ല. വിദ്യ കാലടി സർവകലാശാല ഹോസ്റ്റലിൽ ഉണ്ടെന്നും പോലീസ് വിദ്യയെ സംരക്ഷിക്കുകയാണെന്നും കെഎസ്യു ആരോപിച്ചു. വിദ്യ ഹോസ്റ്റലിൽ ഉണ്ടെന്ന് പോലീസിനെ പല തവണയായി അറിയിച്ചിരുന്നുവെന്നും കെഎസ്‌യു ആരോപിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കരിന്തളം ഗവൺമെന്റ് കോളേജിലെ മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പോലീസിന്റെ തീരുമാനം. മഹാരാജാസ് കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.












