അഹമ്മദാബാദ് : ഇന്ത്യയിൽ താമസിക്കുന്നവർക്ക് രാജ്യത്തോട് കൂറും വിശ്വാസ്യതയും ഉണ്ടായിരിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. സമൂഹമാദ്ധ്യമങ്ങളിൽ ‘ഇന്ത്യ വിരുദ്ധവും പാകിസ്താൻ അനുകൂലവുമായ’ പോസ്റ്റുകൾ പങ്കുവെച്ച കോൺഗ്രസ് നേതാവ് അഫ്‌സൽ ലഖാനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കാര്യം ഇഷ്ടപ്പെടാതിരിക്കുകയും ഒരാളെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുന്നത് തമ്മിൽ വ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് എൻഎസ് ദേശായി പറഞ്ഞു. ‘ആളുകൾക്ക് വ്യക്തിപരമായ ‘ഇഷ്ടങ്ങളോ’ ‘അനിഷ്ടങ്ങളോ’ ഉണ്ടായിരിക്കാം. എന്നാൽ അതിനർത്ഥം അവർക്ക് പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയ്‌ക്കെതിരെയും അപകീർത്തികരവും അസഭ്യവുമായ ഭാഷ ഉപയോഗിക്കാം എന്നല്ല” കോടതി പറഞ്ഞു.
പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ അപകീർത്തികരവും കുറ്റകരവുമാണെന്നും അത് കോടതിയിൽ ആവർത്തിക്കാനാകില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ മോദിക്കുമെതിരെ ഇയാൾ മോശം പരാമർശങ്ങൾ നടത്തിയിരുന്നു.
18 ഓളം വ്യാജ ഫേസ്ബുക്ക് പേജുകൾ സൃഷ്ടിച്ച്, അതിൽ വർഗീയ സ്വഭാവമുള്ള ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവെച്ചുവെന്ന് ലഖാനിക്കെതിരെ ഗുജറാത്ത് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ മാത്രമല്ല, ഒരു പ്രത്യേക സമുദായത്തെയും ലഖാനി ലക്ഷ്യമിട്ടുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Discussion about this post