ഐഎൻഎസ് വിക്രമാദിത്യയുടേയും ഐഎൻഎസ് വിക്രാന്തിന്റേയും നേതൃത്വത്തിൽ കരുത്തുകാട്ടി ഇന്ത്യൻ നാവികസേന. അറബിക്കടലിൽ സേന നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 35ലധികം യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമുദ്രമേഖലയിൽ സഹകരണ പങ്കാളിത്തം വളർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ നാവിക പ്രകടനത്തിലൂടെ കാഴ്ച വച്ചതെന്ന് നാവികസേന പുറത്ത് വിട്ട പറയുന്നു.
ഇന്ത്യ പ്രാദേശികമായി നിർമ്മിച്ച യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. കാർവാർ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന ഐഎൻഎസ് വിക്രമാദിത്യ രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജ്ജമായത്. ഐഎൻഎസ് വിക്രാന്ത് കഴിഞ്ഞ സെപ്തംബറിലാണ് സേനയിൽ കമ്മീഷൻ ചെയ്തത്.
അഭ്യാസപ്രകടനത്തിന്റെ ഭാഗമായി മിഗ്-29കെ യുദ്ധവിമാനങ്ങൾ, എംഎച്ച് 60ആർ ഹെലികോപ്റ്ററുകൾ, കാമോവ്, സീ കിംഗ്, ചേതക്, എഎൽഎച്ച് ഹെലികോപ്ടറുകൾ എന്നിവയുൾപ്പെടെ യുദ്ധക്കപ്പലുകളിൽ നിന്ന് പറന്നുയർന്നു. ഇവയ്ക്ക് പറന്നുയരാനും പറന്നിറങ്ങാനും കഴിയുന്ന ഫ്‌ളോട്ടിംഗ് സോവറിൻ എയർഫീൽഡുകളായി ഐഎൻഎസ് വിക്രമാദിത്യയും ഐഎൻഎസ് വിക്രാന്തും പ്രവർത്തിക്കുന്നു.
വിവിധ പ്ലാറ്റ്‌ഫോമുകളെ ഏകോപിപ്പിച്ചുള്ള സംയുക്ത അഭ്യാസപ്രകടനമാണ് നാവികസേന കാഴ്ചവച്ചതെന്ന് പിആർഒ കമാൻഡറായ വിവേക് മധ്വാൾ പറഞ്ഞു. ”വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യയുടേയും ഐഎൻസ് വിക്രാന്തിന്റേയും നേതൃത്വത്തിൽ അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവ തടസ്സങ്ങളില്ലാതെ സംയോജിപ്പിച്ച് പ്രവർത്തിച്ചു. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് കൂടിയായിരുന്നു ഈ പ്രകടനം. സുരക്ഷാ മേഖലയിൽ കൂട്ടായ പ്രവർത്തനത്തിന് നാവികലേന പൂർണസജ്ജമാണ്. ഏത് ഭാഗത്ത് നിന്നും ഉയർന്ന് വരുന്ന ശത്രുവിന്റെ ഭീഷണിക്ക് കൃത്യമായ മറുപടി നൽകാനാകും. രാജ്യത്തിന്റെ പ്രതിരോധതന്ത്രം രൂപപ്പെടുത്തുമ്പോൾ വിമാനവാഹിനിക്കപ്പലുകളുടെ പ്രാധാന്യം ഏറെയാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post