കണ്ണൂർ: വാരം പുറത്തീൽ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി കേസിൽ കണ്ണൂരിലെ മുസ്ലീം ലീഗ് നേതാവിന് പിഴ ചുമത്തി വഖഫ് ബോർഡ് ഉത്തരവ്. പള്ളി കമ്മറ്റി മുൻ ഭാരവാഹിയും മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായ കെപി താഹിറിനാണ് തിരിച്ചടി. പുറത്തീൽ മിർഖാത്തുൽ ഇസ് ലാം ജമാ അത്ത് പള്ളി കമ്മിറ്റിക്ക് നഷ്ടപ്പെട്ട ഒന്നര കോടിയിലേറെ രൂപ കെ പി താഹിറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന വഖ്ഫ് ബോർഡ് ഉത്തരവിട്ടു. തുക ഈടാക്കാൻ ആവശ്യമായ റിക്കവറി നടപടികൾ സ്വീകരിക്കാൻ കണ്ണൂർ ഡിവിഷനൽ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനു പുറമെ ക്രിമിനൽ കേസ് നടപടികൾ സ്വീകരിക്കാനും സംസ്ഥാന വഖ്ഫ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഉത്തരവിട്ടു.
201015 കാലയളവിലാണ് പള്ളി കമ്മിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്. ഈ കാലയളവിൽ പള്ളി കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു താഹിർ. 2015ൽ വന്ന പുതിയ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും താഹിറിന് പണം നഷ്ടപ്പെട്ടതിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.പുതിയ കമ്മിറ്റി ഭാരവാഹിയായ അബ്ദുൽ ഖാദർ ഹാജി തലശ്ശേരി സിജെഎം കോടതിയെ സമീപിച്ചതോടെയാണ് അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വഖഫ് ബോർഡ് തയ്യാറായത്.
കമ്മിറ്റി അവതരിപ്പിച്ച കണക്കുകൾ വ്യാജമാണെന്നും വീണ്ടും ഓഡിറ്റ് ചെയ്യണമെന്നും ജനറൽ ബോഡി യോഗം തീരുമാനിച്ചു. വഖ്ഫ് ബോർഡ് നടത്തിയ പ്രാഥമിക പരിശോധനയിൽ 84 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പിന്നീട്, കണ്ണൂരിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തിയ പരിശോധനയിലും ക്രമക്കേട് സ്ഥിരീകരിച്ചു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശപ്രകാരം കേസന്വേഷണം ചക്കരക്കൽ പോലിസ് ഏറ്റെടുക്കുകയും കെ പി താഹറിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ പി താഹിർ പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. അക്കാലത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ്കുട്ടി ഹാജി രണ്ടാം പ്രതിയും ഖജാഞ്ചി പി കെ സി ഇബ്രാഹീം മൂന്നാം പ്രതിയുമാണ്.
Discussion about this post