ന്യൂഡൽഹി: പാരീസ് ഡയമണ്ട് ലീഗിൽ പുരുഷവിഭാഗം ലോംഗ് ജംപിൽ മൂന്നാം സ്ഥാനം നേടിയ മലയാളി താരം എം ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീശങ്കർ കുറിച്ചത് ചരിത്രമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പാരീസിൽ ശ്രീശങ്കർ നടത്തിയത് മികച്ച പ്രകടനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീശങ്കർ നേടിയ വെങ്കല മെഡൽ അഭിമാനകരമാണ്. ഡയമണ്ട് ലീഗിൽ ലോംഗ് ജംപിൽ ഇന്ത്യയുടെ ആദ്യ മെഡലാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാവി പരിപാടികളിൽ ശ്രീശങ്കറിന് ആശംസ നേരാനും പ്രധാനമന്ത്രി മറന്നില്ല.
8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം നേടിയത്. മൂന്നാം ശ്രമത്തിൽ 8.09 മീറ്റർ ചാടിയതോടെ ശ്രീശങ്കർ രണ്ടാമത് എത്തിയിരുന്നു. എന്നാൽ ഈ ശ്രമം ഫൗൾ ആകുകയായിരുന്നു. കഴിഞ്ഞ തവണ ഡയമണ്ട് ലീഗിൽ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ.
8.13 മീറ്റർ ചാടിയ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ ആണ് ഒന്നാമത് എത്തിയത്. സ്വിസ് താരം സൈമൺ ഇഹാമറാണ് രണ്ടാമത്.








