ടോക്കിയോ: വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. ടീമിനൊപ്പം ഉണ്ടായിരുന്ന സപ്പോർട്ടിംഗ് സ്റ്റാഫുകൾക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. ജപ്പാനിൽ നടന്ന ടൂർണമെന്റിൽ ദക്ഷിണ കൊറിയയെ 2-1 ന് തോൽപിച്ചാണ് ഇന്ത്യൻ ജൂനിയർ ടീം ഏഷ്യാ കപ്പ് നേടിയത്.
വലിയ അഭിനന്ദനമാണ് ടീമിന് ലഭിക്കുന്നത്. നമ്മുടെ യുവചാമ്പ്യൻമാർക്ക് അഭിനന്ദനം നേരുന്നുവെന്ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. അക്ഷീണ പരിശ്രമവും കഴിവും ടീം വർക്കുമാണ് പ്രകടമാക്കിയതെന്നും ഭാവിയിലെ എല്ലാ മത്സരങ്ങൾക്കും ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉൾപ്പെടെയുളളവരും താരങ്ങളെ അഭിനന്ദിച്ചു.
21 ാം മിനിറ്റിൽ അന്നുവും 40 ാം മിനിറ്റിൽ നീലവുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഇന്ത്യ ആദ്യ ഗോൾ നേടി മൂന്ന് മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ ദക്ഷിണ കൊറിയ സിയോയോൺ പാർക്കിലൂടെ സമനില പിടിച്ചിരുന്നു. തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ശൈലിയാണ് പുറത്തെടുത്തത്.
ജപ്പാനെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ചൈനയെ പരാജയപ്പെടുത്തിയാണ് ദക്ഷിണ കൊറിയ ഫൈനലിലെത്തിയത്. ജൂനിയർ ലോകകപ്പ് ഹോക്കിയിൽ പങ്കെടുക്കാനുളള അവസരം കൂടിയാണ് ഇന്ത്യ ഈ വിജയത്തോടെ വെട്ടിത്തുറന്നത്. ഇന്ത്യയുടെ പ്രഥമ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്.
Discussion about this post