ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിലുള്ള സന്തോഷസൂചകമായി പ്രത്യേക ‘മോദി ജി താലി’ ആരംഭിച്ച് ന്യൂജേഴ്സി ആസ്ഥാനമായുള്ള റെസ്റ്റോറന്റ്. ഇന്ത്യൻ വംശജനായ ശ്രീപദ് കുൽക്കർണിയാണ് തന്റെ റെസ്‌റ്റോറന്റിൽ പുതിയ താലി മീൽസ് ആരംഭിച്ചത്. നിരവധി ആളുകൾ മോദി ജി താലി അന്വേഷിച്ച് എത്തുന്നുണ്ടെന്നാണ് ശ്രീപദ് പറയുന്നത്.
രാജ്യത്തിന്റെ വൈവിദ്ധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ തെക്ക് മുതൽ വടക്ക് വരെയുള്ള വ്യത്യസ്ത വിഭവങ്ങൾ താലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖിച്ഡി, രസഗുള, സാർസോ ദ സാഗ്, കശ്മീരി ദം ആലു, ത്രിവര്‍ണ പതാകയുടെ നിറങ്ങളില്‍ ഇഡ്ഡലി, ഢോക്ല, ചാച്ച്, പാപ്പഡ് തുടങ്ങീ വിഭവങ്ങളുടെ നീണ്ട നിര തന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2023നെ ഐക്യരാഷ്ട്രസഭ മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചിരുന്നു. ഈ നേട്ടം ആഘോഷിക്കുന്നതിനും മില്ലറ്റുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി നിരവധി മില്ലറ്റ് വിഭവങ്ങളും ഈ താലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈകാതെ തന്നെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പേരിലും താലി പുറത്തിറക്കുമെന്ന് റെസ്‌റ്റോറന്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. എസ്.ജയശങ്കറിനുള്ള ജനപ്രീതി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പേരിലും താലി തുടങ്ങുന്നത്.











Discussion about this post