ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലൊന്നായ ബഹുനില സത്പുര ഭവനിൽ വൻ തീപിടുത്തം. സംഭവമുണ്ടായി 12 മണിക്കൂർ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാത്ത സ്ഥിതിയാണ്. ഇതോടെ തീ അണയ്ക്കാൻ ഇന്ത്യൻ വ്യോമസേനയുടെ പിന്തുണ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വിളിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനം ഉടൻ തന്നെ ഭോപ്പാലിൽ എത്തുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയയേും മുഖ്യമന്ത്രി വിവരങ്ങൾ ധരിപ്പിച്ചു. തീപിടുത്തമുണ്ടായ കെട്ടിടം കൃത്യസമയത്ത് തന്നെ ഒഴിപ്പിക്കാനായതിനാൽ ആളപായം ഉണ്ടായില്ല. ഇന്നലെ വൈകിട്ട് നാല് മണിയോടെ ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ റീജിയണൽ ഓഫീസ് സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിലാണ് ആദ്യം തീപിടുത്തം ഉണ്ടാകുന്നത്. ഇവിടെ നിന്ന് മുകളിലെ മൂന്ന് നിലകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
ഈ നിലകളിൽ ഉണ്ടായിരുന്ന എസികളും സിലിണ്ടറുകളുമടക്കം പൊട്ടിത്തെറിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് തീപിടുത്തം നിയന്ത്രിക്കാൻ കഴിയാതെ വന്നത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, എഡിജി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.
Leave a Comment