ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി. ഇന്ത്യയുമായി അമേരിക്കയ്ക്ക് സുപ്രധാനമായ പ്രതിരോധ പങ്കാളിത്തവും, ക്വാഡിനുള്ളിൽ മികച്ച സഹകരണവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അടുത്തയാഴ്ചത്തെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അമേരിക്കയ്ക്ക് ഇന്ത്യയുമായി മികച്ച പ്രതിരോധ പങ്കാളിത്തമുണ്ട്. ക്വാഡിൽ ഇൻഡോ-പസഫിക്കിലുടനീളം ഇന്ത്യയുമായുള്ള മികച്ച സഹകരണമാണുള്ളത്. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു. ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഇന്തോ-പസഫിക്ക് മേഖലയിൽ ചൈനീസ് ആക്രമണത്തേയും കടന്നു കയറ്റത്തേയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിൽ 2017ലാണ് ക്വാഡ് സഖ്യത്തിന് രൂപം നൽകുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഇവിടേക്ക് എത്തുന്നത്. 21 മുതൽ 24 വരെയാണ് അമേരിക്കൻ സന്ദർശനം. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴ വിരുന്നിന് ശേഷമുള്ള ദിവസമാണ് അദ്ദേഹം പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്നത്. 22ാം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Discussion about this post