ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യത്തിന്റെ മൂന്നാം പതിപ്പായ ചന്ദ്രയാൻ -3ന്റെ വിക്ഷേപണം അടുത്ത മാസം ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നിലവിൽ തീരുമാനിച്ചിരിക്കുന്ന പ്രകാരം എല്ലാ ഘടകങ്ങളും അനുകൂലമായി വരികയാണെങ്കിൽ ജൂലൈ 12നും 19നും ഇടയിൽ വിക്ഷേപണം നടത്താനാണ് തീരുമാനം. യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ലോഞ്ച് പാഡിൽ ചന്ദ്രയാൻ എത്തിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
” അവസാന വട്ട ഒരുക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ തന്നെ അത് പൂർത്തിയാകും. എൽവിഎം-3 എന്ന റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കാൻ പോകുന്നത്. ഇതിന്റെ ക്രമീകരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. റോക്കറ്റിന്റെ എല്ലാ ഭാഗങ്ങളും ശ്രീഹരിക്കോട്ടയിൽ എത്തിച്ചു. 12നും 19നും ഇടയിൽ വിക്ഷേപണം നടക്കുമെന്നും” എസ്.സോമനാഥ് പറഞ്ഞു.
വരാനിരിക്കുന്ന വിക്ഷേപണ വേളയിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ചന്ദ്രയാൻ 3ന്റെ ഹാർഡ്വെയർ, ഘടന, കമ്പ്യൂട്ടറുകൾ, സോഫ്റ്റ്വെയർ, സെൻസറുകൾ എന്നിവയിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ” ഇന്ധനത്തിന്റെ അളവിൽ വർദ്ധനവ് വരുത്തി. ലാൻഡിംഗ് സമയത്തെ നിലത്തിറങ്ങേണ്ട കാലുകൾ ബലപ്പെടുത്തി. കൂടുതൽ ഊർജം ഉത്പാദിപ്പിക്കുന്നതിനായി വലിയ സോളാർ പാനലുകൾ ഘടിപ്പിച്ചു. ഏറ്റവും മികച്ച സെൻസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലേസർ ഡോപ്ലർ വെലോസിമീറ്റർ എന്ന ഉപകരണവും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഷെഡ്യൂൾ ചെയ്ത സ്ഥലത്ത് എന്തെങ്കിലും തകരാറുണ്ടായാൽ ചന്ദ്രയാൻ മറ്റൊരു പ്രദേശത്ത് ഇറങ്ങാൻ സഹായിക്കുന്നതിന് പുതിയ സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post