അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ഈ സാഹചര്യത്തിൽ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മേഖലയിൽ വലിയ തോതിൽ കടൽക്ഷോഭം അനുഭവപ്പെടുന്നുണ്ട്.
ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാകും ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. അര ലക്ഷത്തോളം ആളുകളെ വിവിധ ഭാഗങ്ങളിൽ നിന്നായി മാറ്റിപ്പാർപ്പിച്ചു. മുന്നൂറിനടുത്ത് ഗ്രാമങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ബീച്ചുകളും തുറമുഖങ്ങളും പൂർണമായി അടച്ചു. ജാഗ്രതാ നിർദ്ദേശം നൽകിയ സ്ഥലങ്ങളിലെല്ലാം ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്.
കച്ച് തീരത്തിനും പാകിസ്താനിലെ കറാച്ചിക്കും ഇടയിലായി കര തൊടുന്ന ബിപോർജോയ് വലിയ നാശനഷ്ടം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. സംസ്ഥാനത്തെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങൾ സജ്ജമായിട്ടുണ്ട്.












