കാസർകോട്: ആരോഗ്യമന്ത്രിയുടെ സന്ദർശനവും പാഴായി. കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്നുള്ള ദുരിതത്തിന് മാറ്റമില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശി രമേശൻറെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്ന്ന് ആറാം നിലയിൽ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല.
ലിഫ്റ്റ് കേടായതിനെ തുടർന്ന് ഇതിന് മുൻപ് ബിഎംഎസ് പ്രവർത്തകരാണ് സൗജന്യമായി രോഗികളെ ചുമന്ന് താഴത്തെ നിലയിലും മുകളിലെ നിലയിലേക്കും മാറ്റാറുള്ളത്. സാധാരണക്കാരായ ഒരുപാട് പേർ ആശ്രയിക്കുന്ന ആശുപത്രിയുടെ ദയനീയാവസ്ഥ വാർത്തയായതോടെ ആരോഗ്യമന്ത്രി ഓടിയെത്തി സന്ദർശനം നടത്തിയിരുന്നു, പുതിയ ലിഫ്റ്റ് സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇത് വരെ അതിനുള്ള നടപടികൾ പുരോഗമിച്ചിട്ടില്ല. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബുദ്ധിമുട്ട് മനസിലാക്കി ആശുപത്രിയിൽ ബിഎംഎസിന്റെ മസ്ദൂർ സേവാ ട്രസ്റ്റ് സൗജന്യ സേവനം ഏർപ്പെടുത്തിയിരുന്നു. ആറ് ബിഎംഎസ് തൊഴിലാളികളാണ് രോഗികളെ മുകൾ നിലയിൽ എത്തിക്കാനും തിരിച്ചിറക്കാനും സേവന നിരതരായിട്ടുളളത്.
ആകെ ഏഴ് നിലകളാണ് ആശുപത്രിയ്ക്കുള്ളത്. ഇതിൽ തീവ്രപരിചരണ വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയാ എന്നീ മുറികൾ മുകൾ ഭാഗത്തായാണ്. ലിഫ്റ്റ് ഇല്ലാത്തതിനാൽ ഇവിടേയ്ക്ക് എത്താൻ രോഗികൾക്കുൾപ്പെടെ പടികൾ കയറേണ്ട അവസ്ഥയാണ്. 15 വർഷം പഴക്കമുളളതാണ് ഇവിടുത്തെ ലിഫ്റ്റ്. അത് നന്നാക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ സ്ട്രക്ചറിലോ വീൽചെയറിലോ തളളിക്കൊണ്ട് ഇറക്കാനോ മുകൾ നിലയിലെത്തിക്കാനോ കഴിയുന്നില്ല.നമ്പർവൺ ആരോഗ്യ കേരളമെന്ന് സർക്കാർ പരസ്യം ചെയ്യുമ്പോഴും സംസ്ഥാനത്തിലെ പല സർക്കാർ ആശുപത്രികളിലും ഇന്നും പരിതാപകരമായ അവസ്ഥയാണ് ഉള്ളത്. രോഗികൾക്ക് മതിയായ സൗകര്യം ഉറപ്പാക്കാനും വിദഗ്ധ ചികിത്സ നൽകാനുമുള്ള സൗകര്യങ്ങൾ ഇപ്പോഴും അകലെയാണ്.
Discussion about this post