ചെന്നൈ: ഡിഎംകെ പ്രവർത്തകരെ പ്രകോപിപ്പിച്ചാൽ ബിജെപി ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭീഷണിക്ക് മറുപടിയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. ബിജെപിക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത് വഴി സ്റ്റാലിന്റെ സ്വന്തം പരിധി ലംഘിക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. ”കനിമൊഴി അറസ്റ്റിലായപ്പോൾ പോലും സ്റ്റാലിൻ ഇത്ര ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. ജനങ്ങൾ പറയുന്നത് സെന്തിൽ ബാലാജി ഡിഎംകെയുടെ ട്രഷറർ ആണെന്നാണ്. ബിജെപിക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയിലൂടെ സ്റ്റാലിൻ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്.
ഞങ്ങൾ നിങ്ങളുടെ ഭീഷണിയെ പേടിച്ചുവെന്നാണോ നിങ്ങൾ കരുതുന്നത്. ധൈര്യമുണ്ടെങ്കിൽ ഞങ്ങളിലൊരാളെ തൊടാൻ ശ്രമിച്ച് നോക്ക്, നിങ്ങൾ എന്താണോ മറ്റുള്ളവർക്ക് കൊടുക്കുന്നത് അത് മാത്രമേ നിങ്ങൾക്ക് തിരിച്ച് കിട്ടൂ. സെന്തിൽ ബാലാജി അറസ്റ്റിലായതോടെ സ്റ്റാലിൻ ആകെ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഡിഎംകെയുടെ ഭരണകാലം തമിഴ്‌നാടിന്റെ ദുരിതകാലമായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ഇവർ വലിയ വാഗ്ദാനങ്ങൾ നൽകി. പക്ഷേ ഒന്ന് പോലും നടത്താൻ സാധിച്ചിട്ടില്ലെന്നും” അണ്ണാമലൈ പറഞ്ഞു.
സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ച തമിഴ്‌നാട് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കേന്ദ്ര പദ്ധതികൾ വഴി ശിവഗംഗ ജില്ലയ്ക്ക് 2447 കോടി രൂപയുടെ നേട്ടമുണ്ടായി. പക്ഷേ ദ്രാവിഡ ഭരണാധികാരികൾക്ക് ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post