തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേ വിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്‌റ്റെഫിൻ വി.പെരേര(48) ആണ് മരിച്ചത്. സഹോദരന്റെ ചികിത്സാർത്ഥം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിൽക്കുമ്പോളാണ് സ്‌റ്റെഫിൻ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്.
ഉടനെ തന്നെ ഇവരെ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സാ കാര്യങ്ങൾക്ക് വേണ്ടിയാണ് സ്‌റ്റെഫിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. ഏഴാം തിയതിയോടെ ആശുപത്രിയിൽ എത്തിയ ഇവർക്ക് ഒൻപതാം തിയതിയോടെയാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്.
ഡോക്ടർമാർ വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ വച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അതിലൊരെണ്ണം കയ്യിൽ മാന്തിയ വിവരം സ്റ്റെഫിൻ പറയുന്നത്. സ്റ്റെഫിന്റെ സംസ്‌കാരം നടത്തി. ഹെൻറി, ഫെറിയോൺ, പരേതനായ മാത്യു എന്നിവരാണ് സ്റ്റെഫിന്റെ മറ്റ് സഹോദരങ്ങൾ.












