അയോദ്ധ്യ: സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസനപദ്ധതികൾ ഉത്തർപ്രദേശിനെ രാമരാജ്യമാക്കി മാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോൻഭദ്രയിൽ 217 വികസന പദ്ധതികൾക്ക് തുടക്കമിട്ട് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകൾ പ്രഭു ശ്രീരാമനെ ഒരു കൂടാരത്തിനുള്ളിലാണ് ഇരുത്തിയതെന്നും എന്നാൽ അടുത്ത വർഷം മുതൽ അയോദ്ധ്യയിലെ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമനെ ഭക്തർക്ക് ദർശിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
”പതിറ്റാണ്ടുകളായി ഈ സംസ്ഥാനം ഭരിച്ചിരുന്നവരാണ് ഭഗവാൻ രാമനെ ഒരു കൂടാരത്തിനടിയിലാക്കിയത്. എന്നാൽ 2024 മുതൽ ഭഗവാൻ തന്റെ ക്ഷേത്രത്തിൽ ഇരിക്കാൻ പോകുകയാണ്. ഉത്തർപ്രദേശിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും രാമരാജ്യത്തിനുള്ള അടിത്തറയാണെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു. ജനുവരിയിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംസ്ഥാനം ഭരിച്ചിരുന്ന മുൻ സർക്കാരുകൾ ഗോത്രവർഗക്കാരെ ചൂഷണം ചെയ്തുവെന്നും സോൻഭദ്രയിൽ നടന്ന പരിപാടിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു. ” യുപിയിൽ ബിജെപി അധികാരത്തിൽ വന്നതോടെ ആദിവാസികൾക്കും പാവപ്പെട്ടവർക്കും യാതൊരു വിവേചനവുമില്ലാതെ സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ സോൻഭദ്രയെ ഇക്കോ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കേന്ദ്രത്തിന്റെ പിന്തുണയോടെ കർഷകർക്ക് സാങ്കേതിക വിവരങ്ങൾ നൽകുന്നതിനും അവരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുമായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ തറക്കല്ലിടൽ വൈകാതെ നടത്തും.
കുടുംബത്തിന്റെയും ജാതിയുടെയും രാഷ്ട്രീയം കളിച്ചിരുന്നവർ എല്ലാക്കാലത്തും ദരിദ്രരും ആദിവാസികളുമായ ജനവിഭാഗങ്ങളെ ചൂഷണം ചെയ്തിട്ടുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം യുപിയിലെ 25 കോടി ജനങ്ങളും കുടുംബമാണ്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും നമ്മുടെ ജനപ്രതിനിധികളുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ്. സോൻഭദ്രയിൽ മെഡിക്കൽ കോളജ് നിർമിക്കുമെന്ന് ആറ് വർഷം മുമ്പ് ആരും കരുതിയിരിക്കില്ല. എന്നാൽ ഇപ്പോൾ ഇവിടത്തെ യുവാക്കൾക്ക് മെഡിസിൻ പഠിക്കാൻ എവിടെയും പോകേണ്ടിവരില്ല. അടുത്ത വർഷം തന്നെ അവിടെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post