തിരുവനന്തപുരം: വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂട്ടിയത് സംസ്ഥാന സർക്കാരിന് തന്നെ തിരിച്ചടിയാകുന്നു. സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതും ചരക്ക് വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡീസൽ നിറയ്ക്കുന്നത് പതിവാക്കിയതുമാണ് വിൽപ്പന ഇടിയാൻ കാരണമായത്. ഇതോടെ നികുതിയിനത്തിലുൾപ്പെടെ സർക്കാരിന് വൻ നഷ്ടമാണ് സംഭവിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി സർക്കാർ ഉത്തരവായത്. മാർച്ച് മാസത്തിൽ 21.21 കോടി ലിറ്റർ പെട്രോൾ വിറ്റപ്പോൾ ഏപ്രിലിൽ വിൽപ്പന 19.73 കോടിയായി താഴ്ന്നു. 1.48 കോടി ലിറ്ററിന്റെ കുറവാണ് ഒറ്റ മാസം കൊണ്ട് ഉണ്ടായത്. മാർച്ചിൽ ഡീസൽ വിൽപ്പന 26.66 കോടി ലിറ്റർ ആയിരുന്നെങ്കിൽ ഏപ്രിലിൽ ഇത് 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലിറ്ററിന്റെ കുറവാണ് സംഭവിച്ചത്.
ഒരു ലിറ്റർ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി. വിൽപ്പന ഇടിഞ്ഞത് വഴി 150 കോടിയോളമാണ് മാർച്ച്-ഏപ്രിൽ മാസത്തെ നികുതി വരുമാന വ്യത്യാസം. സാധാരണ ഗതിയിൽ പ്രതിമാസം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഇന്ധന വിൽപ്പനയും കൂടുകയാണ് ചെയ്യുന്നത്. സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനന്തര ചരക്കുവാഹനങ്ങൾ കേരളത്തിന് പുറത്ത് നിന്ന് മാത്രമാണ് ഇന്ധനം നിറയ്ക്കുന്നത്. കെഎസ്ആർടിസിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.













Discussion about this post