ന്യൂഡൽഹി: ലണ്ടന് പിന്നാലെ കാനഡയിലേയും യുഎസിലേയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസുകൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമങ്ങൾ അന്വേഷിക്കാനൊരുങ്ങി എൻഐഎ. യുഎപിഎ നിയമ പ്രകാരം ഡൽഹി സ്‌പെഷ്യൽ സെൽ വിഭാഗം രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിരിരുന്നു. ഈ കേസുകൾ ഉടൻ തന്നെ എൻഐഎയ്ക്ക് കൈമാറുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അമൃത്പാൽ സിംഗിനെ അനുകൂലിച്ചാണ് ഖാലിസ്ഥാൻ ഭീകരർ കാനഡയിലും അമേരിക്കയിലും യുകെയിലും ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഉണ്ടായ പ്രതിഷേധത്തിനിടെ അക്രമികൾ ഗ്രനേഡ് വലിച്ചെറിയുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തിരുന്നു. മാർച്ചിലാണ് യുഎസിലെ സാൻ ഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റും ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചത്.
ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണക്കേസ് എൻഐഎ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. അക്രമികളെന്ന് കണ്ടെത്തിയ 45 പേരുടെ ഫോട്ടോ അടക്കമാണ് പുറത്ത് വിട്ടത്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ലണ്ടനിലെത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.









