ന്യൂഡൽഹി; 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ നയിക്കുക വലിയ വികസന കുതിപ്പിലേക്ക്. മൂന്ന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര ഹൈവേ ഉൾപ്പെടെയുളള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കൊൽക്കത്തയിൽ നിന്ന് തായ്‌ലാൻഡിലേക്കുളള ഹൈവേയാണിത്. മ്യാൻമറിൽ കൂടിയാണ് കടന്നുപോകുന്നത്.
2002 ഏപ്രിലിൽ മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല സമിതിയിൽ പദ്ധതി അംഗീകരിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ആശയമായിരുന്നു പദ്ധതി. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുളള വ്യാപാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുളളതാണ് ആശയം. ഇന്ത്യയിൽ കൊൽക്കത്ത, സിലിഗുരി, ശ്രീറാംപൂർ, ഗുവാഹതി, കൊഹിമ, മൊറെ എന്നിവിടങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുകയെന്നാണ് വിവരം. ഹൈവേയുടെ കൂടുതൽ ദൂരവും ഇന്ത്യയിലാണ്.
2800 കിലോമീറ്ററിലധികം ദൈർഘ്യമുളളതാണ് ഹൈവേ. നാല് വർഷത്തിനുളളിൽ നിർമാണം പൂർത്തിയാക്കും. മ്യാൻമറിൽ തലസ്ഥാനമായ യാങ്കൂൺ ഉൾപ്പെടെയുളളിടങ്ങളിലൂടെ ഹൈവേ കടന്നുപോകും. യാങ്കൂൺ കൂടാതെ മാണ്ഡലേ, കലേവ, തമു എന്നിവിടങ്ങളിലൂടെയാണ് ഹൈവേ. തായ്‌ലൻഡിൽ സുഖോതായ്, മെയ്‌സോ എന്നിവിടങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുക.
ഇന്ത്യയിലും തായ്‌ലൻഡിലും ഹൈവേയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും മ്യാൻമറിൽ ഇനിയും കാര്യമായ പുരോഗതിയില്ല. കലേവ മുതൽ യാർഗി വരെയുളള 121.8 കിലോമീറ്റർ ദൂരം നാല് വരി പാതയാക്കി മാറ്റാനാണ് കൂടുതൽ സമയം വേണ്ടി വരികയെന്ന് മ്യാൻമർ വാണിജ്യമന്ത്രി ഓങ് നയിങ് വ്യക്തമാക്കി.








