കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കാനുള്ള തീരുമാനത്തെ എതിർത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്ര സേനയെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ മമത സുപ്രീംകോടതിയെ സമീപിച്ചു. ജൂലൈ എട്ടിനാണ് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്ത് അങ്ങിങ്ങായി നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധിയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സംഭവം ഹൈക്കോടതിയിൽ എത്തിയത്. തിരഞ്ഞെടുപ്പ് സുഗമമായി പൂർത്തിയാക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആയിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
അതേസമയം മമത സർക്കരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത് എത്തി. സർക്കാരിന്റെ നടപടിയോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിന്റെ ഹർജിയ്‌ക്കെതിരെ മറ്റൊരു ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post