ഗാംഗ്‌ടോപ്പ്: വടക്കൻ സിക്കിമിൽ മണ്ണിടിച്ചലിനെ തുടർന്ന് കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. 3,5000 പേരെയാണ് ഇതിനോടകം തന്നെ രക്ഷിച്ചത്. ലാച്ചെൻ, ലാച്ചുംഗ്, ചുംഗ്തംഗ് താഴ്‌വരകളിൽ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു മണ്ണിടിച്ചൽ ഉണ്ടായത്.
വെള്ളിയാഴ്ച പ്രദേശങ്ങളിൽ ശക്തിയായ മഴ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മണ്ണിടിച്ചൽ ഉണ്ടായത്. സംഭവ സമയം നിരവധി വിനോദ സഞ്ചാരികളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇവർ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. മണ്ണ് വീണതിനെ തുടർന്ന് മാംഗൻ മുതൽ ചുംഗ്തംഗ്‌വരെയുള്ള പാത പൂർണമായും അടഞ്ഞു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെയാണ് വിനോദ സഞ്ചാരികൾക്ക് പുറത്ത് കടക്കാൻ കഴിയാതിരുന്നത്. വിവരം അറിഞ്ഞതോടെ സൈനികർ സ്ഥലത്ത് എത്തുകയായിരുന്നു.
ബോർഡർ റോഡ് ഓർഗനൈസേഷനിലെ സൈനികരാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുകയാണ്. ഇത് വകവയ്ക്കാതെയായിരുന്നു സൈന്യത്തിന്റെ രക്ഷാ പ്രവർത്തനം.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തന്നെ 2000 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീടുള്ള മണിക്കൂറുകളിലാണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. കുടുങ്ങിക്കിടന്നവരിൽ 36 വിദേശ വിനോദ സഞ്ചാരികളും ഉണ്ടായിരുന്നു.
Discussion about this post