കോട്ടയം: കേരള പോലീസിനിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച സംഭവത്തിലാണ് വിമർശനം.
പോലീസ് അനീഷിനെ പിടിച്ചു കൊണ്ടു പോയതോടെ കുഴഞ്ഞു വീണ അനീഷിന്റെ അമ്മയെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തി സന്ദർശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയം നുറുങ്ങി ജീവിക്കുന്ന ആയിരക്കണക്കിന് അമ്മമാരുടെ കണ്ണീരിൽ പിണറായി വിജയൻ സർക്കാർ ഒലിച്ചു പോകും എന്ന കാര്യം ഉറപ്പാണെന്ന് സന്ദർശന ശേഷം അദ്ദേഹം കുറ്റപ്പെടുത്തി.
കേരളാ പോലീസിന് കാര്യക്ഷമത ഇല്ലെന്ന് ആരാണ് പറഞ്ഞത്? ആറന്മുള കോട്ടയിൽ ഉള്ള അനീഷ് എന്ന ചെറുപ്പക്കാരൻ ഫേസ് ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് മൂലം തനിക്ക് മാനഹാനി ഉണ്ടായെന്ന് അഖിലേന്ത്യാ സംസ്ഥാന നേതാവ് എ.എ.റഹിമിന് തോന്നുന്നു. (ഫോട്ടോ മോർഫ് ചെയ്ത കോൺഗ്രസ്സ് പ്രവർത്തകനെ കുറിച്ച് സഖാവിന് പരാതിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.) തുടർന്ന് രാത്രി 10 മണിക്ക് പരാതി ഡിജിപിക്ക് വാട്ട്‌സാപ്പായി അയച്ചു കൊടുക്കുന്നു. വെളുപ്പിന് മൂന്നു മണിക്ക് വീട് വളഞ്ഞ് ചെറുതുരുത്തി പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്യുന്നു. അതോടെ കേരളത്തിലെ നിയമ വ്യവസ്ഥ പുന:സ്ഥാപിക്കപ്പെടുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
തൃശൂരിൽ നിന്നും വലിയ സന്നാഹമായി തന്നെ പോലീസ് സംഘം എത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. നാലു വയസ്സുള്ള മകളുടെയും പ്രായമായ അച്ഛനമ്മമാരുടെയും മുന്നിൽ വച്ച് ബലംപ്രയോഗിച്ചായിരുന്നു യുവാവിനെ പോലീസ് പിടികൂടിയത്.ചാനൽ ചർച്ചയിൽ ഉയർന്ന വാദങ്ങളെ മൊബൈൽ ഫോൺ ഉയർത്തിക്കാട്ടി പ്രതിരോധിക്കുന്ന എം പിയുടെ വീഡിയോയും മോൻസൻ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവ് ധരിച്ചിരിക്കുന്ന വ്യാജചിത്രവും ഒന്നിച്ച് ചേർത്തുകൊണ്ടുള്ള സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ 25 സെക്കന്റ് ദൈർഘ്യം വരുന്ന വീഡിയോയാണ് അനീഷ് കോട്ട പങ്കുവച്ചത്. ഈ ദൃശ്യങ്ങളും ഇതോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കവും അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി എ എ റഹീം എം പി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ചെറുത്തുരുത്തി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post