ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങളിൽ നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ ആശുപത്രികൾ പൂർണ്ണസജ്ജമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുപിയിലും ബീഹാറിലുമായി കഴിഞ്ഞ ദിവസങ്ങളിൽ 90നടുത്ത് ആളുകളാണ് ഉഷ്ണ സംബന്ധമായ രോഗങ്ങളെ തുടർന്ന് മരിച്ചത്. 400ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കാലവർഷത്തിനിടെ ഉണ്ടാവുന്ന എൽനിനോ പ്രതിഭാസം താപനില വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് നിഗമനം. മുന്നറിയിപ്പ് നൽകിയിട്ടുള്ള പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്. യുപിയിലെ ഝാൻസിയിൽ കഴിഞ്ഞ ദിവസം 46.5 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്.
Discussion about this post