ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടു. കാനഡയിൽ വച്ചുണ്ടായ വെടിവയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. കാനഡ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹർദീപ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഭീകരസംഘടനയുടെ തലവനായിരുന്നു. നിരോധിത സിഖ് സംഘടനയായ എസ്എഫ്‌ജെയുമായി ബന്ധപ്പെട്ടും ഇയാൾ പ്രവർത്തിച്ചിരുന്നു. ഹർദീപിനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിരവധി അക്രമസംഭവങ്ങളിൽ പ്രതിയായ ഇയാളെ കേന്ദ്രസർക്കാർ നേരത്തെ തന്നെ നോട്ടപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ യുകെയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ അക്രമസംഭവങ്ങളിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു. അന്നത്തെ അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം എൻഐഎ പുറത്തിറക്കിയ 40 പേരുടെ പട്ടികയിലും ഹർദീപിന്റെ പേര് ഉണ്ടായിരുന്നു.
2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ ഹർദീപിന്റെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ആയിരുന്നു കൊലപാതക ശ്രമത്തിന് പിന്നിൽ. ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ നേരത്തെ ഹർദീപിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Discussion about this post