ആലപ്പുഴ: വിഭാഗീയത രൂക്ഷമായ ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി. പിപി ചിത്തരഞ്ജൻ എംഎൽഎയെ തരം താഴ്ത്തി. ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ലഹരി കടത്ത് കേസിൽ പ്രതിയായ എ. ഷാനവാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ നേതൃയോഗത്തിലാണ് കടുത്ത നടപടി കൈക്കൊണ്ടത്.
ചിത്തരഞ്ജനെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് ആണ് തരംതാഴ്ത്തിയത്. കേരള ബാങ്ക് ഡയറക്ടർ എം സത്യപാലനെയും ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. വിഭാഗീയത ശക്തമായ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.
സൗത്ത് ഏരിയ സെക്രട്ടറിയുടെ ചുമതല സിബി ചന്ദ്രബാബുവിന് നൽകി. കെഎച്ച് ബാബുരാജിനാണ് ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ ചുമതല. 25 നേതാക്കളെ കീഴ് ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയിട്ടുമുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായുള്ള കടുത്ത വിഭാഗീയത വലിയ തലവേദനയാണ് സിപിഎം നേതൃത്വത്തിന് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
Discussion about this post