ന്യൂഡൽഹി: എയർബസുമായി 500 വിമാനങ്ങളുടെ കരാറിൽ ഒപ്പുവച്ച് ഇൻഡിഗോ. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ റെക്കോർഡ് ഡീലാണ് ഇത്. അടുത്തിടെ എയർഇന്ത്യ 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. അതിനെ മറികടന്നാണ് ഇൻഡിഗോയുടെ കരാർ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പാരീസ് എയർ ഷോയിൽ ഇൻഡിഗോ ബോർഡ് ചെയർമാൻ വി സുമന്ത്രൻ, ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്, എയർബസ് സിഇഒ ഗില്ലൂം ഫൗറി, എയർബസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. .
500 എ320 ഫാമിലി എയർക്രാഫ്റ്റുകൾ വാങ്ങാനുള്ള ഓർഡറിലാണ് ഇൻഡിഗോ ഒപ്പിട്ടത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ പർച്ചേസ് കരാറാണിതെന്ന് എയർബസ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇൻഡിഗോയുടെ എയർബസ് വിമാനങ്ങളുടെ ആകെ എണ്ണം 1330 ആയി ഉയരും.
2030നും 2035നും ഇടയിലായിരിക്കും ഈ വിമാനങ്ങൾ കൈമാറാൻ പോകുന്നത്. എയർബസുമായി ചേർന്ന് ഒരു എയർലൈൻ നടത്തുന്ന ഏറ്റവും വലിയ ഡീലാണിതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറയുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ എയർ ഇന്ത്യ 470 വിമാനങ്ങളുടെ കരാറിൽ ബോയിങ്ങുമായി ഒപ്പുവച്ചിരുന്നു.
Discussion about this post