ന്യൂഡൽഹി : സ്വതന്ത്ര ഭാരതത്തിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് എന്റെ രാജ്യത്തിന്റെ ഗുണങ്ങളെയും പാരമ്പര്യങ്ങളെയും എന്റെ ചിന്തകൾ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാൾ സ്ട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
”വളരെ ഉയർന്നതും വിശാലവുമായ പ്രൊഫൈലിന് ഇന്ത്യയ്ക്ക് അർഹതയുണ്ട്. ഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. അഭൂതപൂർവമായ ഒരു വിശ്വാസം ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം വിപുലീകരിക്കുന്നത് ഈ പങ്കാളിത്തത്തിൽ പ്രധാനമാണ്. ഈ സഹകരണവും പങ്കാളിത്തവും വ്യാപാരം, സാങ്കേതികവിദ്യ, ഊർജം എന്നീ മേഖലകളിലേക്ക് വ്യാപിക്കുന്നുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
ജി-20 ഉച്ചകോടിയ്ക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി വിദേശപര്യടനം ആരംഭിച്ച പ്രധാനമന്ത്രി ആദ്യം അമേരിക്കയിലേക്കാണ് പോകുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കൻ സന്ദർശനം. പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷമുള്ള മോദിയുടെ ആദ്യ ഔദ്യോഗിക ‘സ്റ്റേറ്റ്’ സന്ദർശനമാണിത് എന്നതാണ് കാരണം.
ഒരു രാഷ്ട്രത്തലവൻ മറ്റൊരു രാഷ്ട്രത്തലവനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുന്നതാണ് സ്റ്റേറ്റ് വിസിറ്റ്. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്. അമേരിക്ക മറ്റൊരു രാഷ്ട്രത്തലവന് നൽകുന്ന വലിയ അംഗീകാരത്തിന്റെയും ആദരവിന്റേയും അടയാളമാണിത്.











Discussion about this post