ശ്രീനഗർ: ഐടിബിപി സേനാംഗങ്ങൾക്കൊപ്പം യോഗയിൽ പങ്കുചേർന്ന് ഡോഗ് സ്‌ക്വാഡിലെ നായയും. കശ്മീരിലെ ഉദംപൂരിൽ പ്രാണു ക്യാമ്പിലെ യോഗദിന പരിപാടിയിലായിരുന്നു നായയുടെ യോഗാഭ്യാസം കൗതുകമായത്. ഇതിനോടകം തന്നെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി പേർ ഇതിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പമാണ് ഡോഗ് സ്‌ക്വാഡിലെ നായയും പങ്കുചേർന്നത്. പരിപാടിയിൽ സേനാംഗങ്ങളുടെ മുൻപിലായായിരുന്നു നായ സ്ഥാനം പിടിച്ചത്. മറ്റുളളവർ ചെയ്യുന്നത് നോക്കി ഓരോ യോഗ പൊസിഷനും നായയും അനുകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഇടയ്ക്ക് കുരച്ചും മണ്ണിൽ ഉരുണ്ടും അൽപം കുറുമ്പ് കാട്ടുന്നുണ്ടെങ്കിലും മുൻഭാഗത്തേക്ക് കൈകൾ നീട്ടി മറ്റുളളവർ നമസ്‌കരിക്കുമ്പോൾ നായയും അതുപോലെ ചെയ്യുന്നുണ്ട്. ഒരു മിനിറ്റോളം ദൈർഘ്യമേറിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേർ ഷെയർ ചെയ്യുന്നത്.
ഐടിബിപി ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളും മറ്റ് സേനാംഗങ്ങളെപ്പോലെ പല ഘട്ടങ്ങളിലും സമ്മർദ്ദത്തെ അതിജീവിക്കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടു തന്നെ യോഗ അവരെയു പരിശീലിപ്പിക്കാറുണ്ടെന്ന് ഐടിബിപി ഡെപ്യൂട്ടി കമാൻഡന്റ് ഗൗരവ് ഷാ പറഞ്ഞു. ക്രമസമാധാന പാലന ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്ന ഡോഗ് സ്‌ക്വാഡിലെ നായകൾക്ക് ഇത് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീർ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഐടിബിപി വിപുലമായ യോഗ ദിന പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.
#WATCH | Canine member of the dog unit of ITBP (Indo-Tibetan Border Police) along with ITBP personnel performs Yoga at Pranu Camp in Udhampur, J&K#9thInternationalYogaDay pic.twitter.com/Emz1ixjt0X
— ANI (@ANI) June 21, 2023
Discussion about this post