ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ലോകം സാക്ഷിയാകുന്നത് ലോക രാഷ്ട്രീയത്തിലെ തന്നെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സംയുക്തമായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ആയതിന് പിന്നാലെ ഒരിക്കൽ പോലും നരേന്ദ്ര മോദി വാർത്താ സമ്മേളനം നടത്തിയിട്ടില്ല. ഒൻപത് വർഷത്തിനിടെ ജോ ബൈഡനുമായി ചേർന്ന് നടത്തുന്ന ആദ്യ വാർത്താ സമ്മേളനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഏറെ നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.
വൈറ്റ് ഹൗസ് ദേശീയ സരക്ഷാ വക്താവ് ജോൺ കിർബിയാണ് വാർത്താ സമ്മേളനത്തിന്റെ വിവരം അറിയിച്ചത്. അമേരിക്കൻ സന്ദർശനം പൂർത്തിയാകുന്ന അവസാന ദിനം ഇരു നേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണും. ഈ വാർത്താ സമ്മേളനത്തെ ഏറെ നിർണായകമായ ഒന്നായാണ് കണക്കാക്കുന്നത്. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വാർത്താ സമ്മേളനത്തിൽ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള മാദ്ധ്യമ പ്രവർത്തകർ ഉണ്ടായിരിക്കും. ഒരു ചോദ്യം അമേരിക്കൻ മാദ്ധ്യമ പ്രവർത്തകരിൽ നിന്നാണെങ്കിൽ രണ്ടാമത്തെ ചോദ്യം ചോദിക്കുക ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരാകും. ഇത്തരത്തിലാണ് വാർത്താ സമ്മേളനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കിർബി അറിയിച്ചു. നരേന്ദ്ര മോദിയുമായി ചേർന്നുള്ള ബൈഡന്റെ വാർത്താ സമ്മേളനം വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രി ആയതിന് പിന്നാലെ ഇതുവരെ അഞ്ച് തവണ മോദി അമേരിക്ക സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത്. ഇന്ത്യയിൽ അപൂർവ്വമായി മാത്രം ചില മാദ്ധ്യമങ്ങൾക്ക് അദ്ദേഹം അഭിമുഖം നൽകിയിട്ടുണ്ട്.
Discussion about this post