വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രസ്താവന. 9/11ന് രണ്ട് ദശകത്തിന് ശേഷവും 26/11ന് ഒരു ദശകത്തിന് ശേഷവും തീവ്രവാദം ഇന്ന് ലോകത്തിന് മുന്നിൽ ഒരു വലിയ അപകടമായി തുടരുകയാണ്.
അവരുടെ പ്രത്യയശാസ്ത്രങ്ങൾ പുതിയ രൂപങ്ങളും ഭാവങ്ങളും സ്വീകരിച്ച് കൊണ്ട് ഇപ്പോഴും ഇവിടെ തന്നെ തുടരുന്നു.പല ഭാവങ്ങളും മാറ്റങ്ങളും സ്വീകരിക്കുമ്പോഴും അവരുടെ ലക്ഷ്യവും ഉദ്ദേശവും ഒന്നു തന്നെയാണ്. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്, അതിനെ ശക്തമായി തന്നെ എതിർക്കണം. ഭീകരതയെ സ്പോൺസർ ചെയ്യുകയും അവർക്ക് എല്ലാ പിന്തുണയും നൽകുന്നതുമായ എല്ലാ ശക്തികളേയും ഒന്നിച്ച് തന്നെ നമ്മൾ മറികടക്കണമെന്നും” അദ്ദേഹം പറഞ്ഞു.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. വലിയ കരഘോഷത്തോടെയും ‘മോദി, മോദി’ മുദ്രാവാക്യങ്ങളോടെയുമാണ് യുഎസ് കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. വൈറ്റ് ഹൗസിൽ ഇന്നലെ നടന്ന അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സന്ധു തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസിലെത്തിയിരുന്നു.
Discussion about this post