എറണാകുളം: കൊച്ചി നഗരത്തിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ യുവാവ് ലോറി കയറി മരിച്ചു. കളമശ്ശേരിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സാൾട്ടനാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
കൊച്ചി കണ്ടെയ്‌നർ റോഡിൽ കോതാടിനടുത്താണ് അപകടം ഉണ്ടായത്. രാവിലെ ജോലിയ്ക്കായി പോകുകയായിരുന്നു സാൾട്ടൺ. ഇതിനിടെ പാഞ്ഞുവന്ന തെരുവ് നായ സാൾട്ടന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞ് സാൾട്ടൺ തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടെ ലോറി യുവാവിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ലോറി ഡ്രൈവറും മറ്റുള്ളവരും ചേർന്ന് യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.












